റീൽസും ഷോർട്ട് വീഡിയോകളും എഡിറ്റ് ചെയ്യാൻ ക്രിയേറ്റർമാർക്ക് കൂടുതൽ കരുത്തുപകർന്ന് മെറ്റയുടെ ‘എഡിറ്റ്സ്’ (Edits) വീഡിയോ എഡിറ്റിംഗ് ആപ്പിലേക്ക് പുതിയ അപ്ഡേറ്റുകൾ എത്തി.
വേരിയബിൾ പ്ലേബാക്ക് സ്പീഡിനുള്ള സ്പീഡ് കർവുകൾ, ഓട്ടോ ഓഡിയോ അഡ്ജസ്റ്റ്, ടെക്സ്റ്റ് ആനിമേഷൻ കൺട്രോളുകൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ നിർമ്മാണത്തെ കൂടുതൽ പ്രൊഫഷണലാക്കാൻ സഹായിക്കുന്ന മാറ്റങ്ങളാണ് ഈ അപ്ഡേറ്റിലുള്ളത്.
പ്രധാന അപ്ഡേറ്റുകൾ എന്തൊക്കെയെന്ന് പരിശോധിക്കാം:
- സ്പീഡ് കർവുകൾ (Speed Curves): ഒരു ക്ലിപ്പിനുള്ളിൽ തന്നെ വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഫീച്ചറാണിത്. പ്രത്യേക സന്ദർഭങ്ങളിൽ കൂടുതൽ ഇംപാക്ട് നൽകാൻ നിലവിലുള്ള സ്പീഡ് കർവ് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ ക്രിയേറ്റർമാർക്ക് സ്വന്തമായി സ്പീഡ് കർവുകൾ നിർമ്മിക്കാനും സാധിക്കും.
- ഓട്ടോ ഓഡിയോ ബാലൻസിംഗ് (Auto Audio Balancing): വീഡിയോയിലെ വിവിധ ശബ്ദ ഘടകങ്ങളുടെ ലെവലുകൾ തനിയെ കൃത്യമായി ബാലൻസ് ചെയ്യാൻ ഈ ടൂൾ സഹായിക്കുന്നു. ഇതുവഴി ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കി മികച്ച ഓഡിയോ നിലവാരം ഉറപ്പാക്കാനാകും.
- ടെക്സ്റ്റ് ആനിമേഷൻ ഡ്യൂറേഷൻ കൺട്രോൾ: വീഡിയോയിൽ ചേർക്കുന്ന ടെക്സ്റ്റുകൾ എത്ര സമയം സ്ക്രീനിൽ ഉണ്ടാകണമെന്നും, എത്ര വേഗത്തിൽ പ്രത്യക്ഷപ്പെടണമെന്നും മറയണമെന്നും കൃത്യമായി നിശ്ചയിക്കാൻ പുതിയ കൺട്രോളുകൾ സഹായിക്കും. ആനിമേഷൻ ലൂപ്പിന്റെ വേഗതയും ഇതിലൂടെ ക്രമീകരിക്കാം.
- ഇൻസ്പിരേഷൻ ടാബിൽ കൂടുതൽ നിയന്ത്രണം: പുതിയ കണ്ടെന്റ് ആശയങ്ങൾക്കായി ഉപയോഗിക്കുന്ന ‘ഇൻസ്പിരേഷൻ ടാബിൽ’ (Inspiration Tab) ഏതൊക്കെ വിഷയങ്ങൾ കൂടുതൽ കാണണം, ഏതൊക്കെ കുറയ്ക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെറ്റയുടെ ‘യുവർ അൽഗോരിതം’ (Your Algorithm) ടൂളിന് സമാനമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
തേർഡ്-പാർട്ടി ആപ്പുകളെ ആശ്രയിക്കാതെ തന്നെ വേഗതയേറിയതും നിലവാരമുള്ളതുമായ റീൽസും വീഡിയോകളും നിർമ്മിക്കാൻ ക്രിയേറ്റർമാർക്ക് ഈ അപ്ഡേറ്റുകൾ വലിയ സഹായമാകും.



